Sunday, March 11, 2012

പൂമണം പരന്ന സന്ധ്യ




പൂമണം പരന്ന സന്ധ്യ
ഹിന്ദുസ്ഥാനി സംഗീതത്തിലെ മാസ്മരികമായ രാഗങ്ങളുടെ സുഗന്ധത്താല്‍ പരിപൂരിതമായ ഒരു സന്ധ്യയായിരുന്നു ഇന്നലെ നടന്ന ആറാമത് നാദവിദ്യാലയം സംഗീതസത്സംഗം . പുരാതനമായ തഞ്ചാവൂര്‍ അമ്മവീടിന്റെ അകത്തളത്തില്‍ അഭ്രദിത ബാനര്‍ജി യുടെ ഹൃദയത്തില്‍ നിന്നും ഒഴുകിയെത്തിയ ഹിന്ദുസ്ഥാനി ഭജനുകള്‍ സംഗീത ആസ്വാദകരുടെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന അനുഭവമായി. യമന്‍, പഹാഡി, ഗുര്‍ജരി തോഡി, ഭൂപളി തുടങ്ങിയ രാഗങ്ങളുടെ സുഖകരമായ ആലാപനം കൊണ്ട് ബംഗാളി ഗായിക ഞങ്ങളുടെ ഹൃദയം കവര്‍ന്നു. ഒന്നര മണിക്കൂര്‍ നീണ്ട ആലാപനത്തിന് ശേഷം ചെറിയൊരു കോഫീ ബ്രേക്ക്‌ ,തുടര്‍ന്ന് രബീന്ദ്രസംഗീത് എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ അനുസന്ധാനം വളരെ പ്രയോജനപ്രദമായ ഒന്നായിരുന്നു. രബീന്ദ്രനാഥ് ടാഗോര്‍ വിഭാവനം ചെയ്ത സംഗീത രീതിയില്‍ ഭാരതീയ ക്ലാസിക്കല്‍ സംഗീതവും നാടോടി സംഗീതവും മനോഹരമായി ഇഴ ചേരുന്നു എന്ന് അവര്‍ പാടിയും പറഞ്ഞും മനസ്സിലാക്കിത്തന്നു. ഹിന്ദുസ്ഥാനി സംഗീതത്തിലെ "ടപ്പ "എന്ന സംഗീതരൂപവുമായി രബീന്ദ്ര സംഗീതത്തിനുള്ള അടുപ്പവും അവര്‍ വിവരിച്ചു. വിസ്മയകരമായ ഒട്ടേറെ രബീന്ദ്ര ഗാനങ്ങള്‍ അവര്‍ പാടിത്തന്നു . ബംഗാളിലെ ഏതോ ഗ്രാമത്തിലൂടെ നടന്നു പോകുന്ന ഒരു പ്രതീതിയായിരുന്നു അവരുടെ പാട്ട് കേള്‍ക്കെ . ജന്മം കൊണ്ട് ബംഗാളി യാണെങ്കിലും തിരുവനന്തപുരത്തു മലയാളിയെപ്പോലെ മലയാളം പറഞ്ഞു ജീവിക്കുന്ന അഭ്രദിത ബാനര്‍ജിക്ക് നഗരത്തില്‍ നല്ല ശിഷ്യസംപത്തുണ്ട്. ഗായികയ്ക്കും തബലയില്‍ താളം പകര്‍ന്ന ഹരിലാലിനും നാദ വിദ്യാലയത്തിന്റെ എളിയ ഉപഹാരം എന്ന ഫ്രാന്‍‌സില്‍ നിന്ന് വന്ന വോള്‍ഗ(ഭാരതീയ സംഗീതാസ്വാദക) സമര്‍പ്പിച്ചു. വോള്‍ഗ യുടെ കൂടെ വന്ന മറ്റു വിദേശികളും ഭജന്‍ സന്ധ്യ പകര്‍ന്ന അനുഭൂതികള്‍ ഹൃദയത്തിലേറ്റിക്കൊണ്ടാണ് നഗരം വിട്ടത്.
നാദവിദ്യാലയത്തിന്റെ അടുത്ത സംഗീതസത്സംഗം മെയ്‌ മാസത്തില്‍ നടക്കും. വിഷു പ്രമാണിച്ചു ഏപ്രില്‍ മാസത്തില്‍ സംഗീതസത്സംഗം റദ്ദു ചെയ്തതായി അറിയിച്ചിട്ടുണ്ട്.